Friday, October 10, 2014

പാലയ്ക്ക മാല


ചെറുതായി ഇടി കുടുങ്ങുന്നുണ്ടായിരുന്നു അങ്ങു ദൂരേ .... വിഷാദത്തിന്റെ കാർമേഘങ്ങൾ ആ കണ്ണുകളില്‍ നിറഞ്ഞു എന്തോ ആലോചിച്ചതും ആ കണ്ണുകള്‍ വിതുമ്പി ...അന്നും കിഴക്കേ അമ്മൂമ്മ ഭഗവതിക്ക് വിളക്ക് വെച്ചു ആ തിട്ടയില്‍ വന്നു ഇരുന്നു...

                                 ***                മഴ പെയ്യാന്‍ ആയി മൂടി കെട്ടിയ അന്തരീക്ഷം ....കാഴ്ച്ച മങ്ങിയ കണ്ണുകള്‍ മിഴിച്ചു കിഴക്കേ അമ്മൂമ്മ എങ്ങോട്ടെന്നില്ലാതെ നോക്കി ഇരുന്നു... ഒരു നണുത്ത കാറ്റ് എങ്ങു നിന്നോ വീശി ...കിഴക്കേ അമ്മൂമ്മ മൊണ കാട്ടി ചിരിചു ...എന്നാലും ആ ചിരിയില്‍ ഉള്ള വിഷാദം അവള്‍ അറിഞ്ഞു... ഒരു പാട് അലോചിച്ച് ഇരുന്നിട്ട് പറഞ്ഞു

"എന്നാലും ഒരു തരി സ്വർണ്ണം പോലും ഇല്ലല്ലൊ അവളുടെ കഴുത്തില്‍ "

അവൾ പതുക്കെ കിഴക്കേ അമ്മൂമ്മേടെ മുഖത്തേക്ക് നോക്കി ,കിഴക്കെ അമ്മൂമ്മ കരഞ്ഞാൽ അവൾക്ക് ഒരിക്കലും സഹിക്കാൻ പറ്റില്ല,വർഷങ്ങൾ ആയിട്ട് ഉള്ള  പതിവാണ് വൈകുന്നേരങ്ങളിൽ ഒന്നിച്ച് ഇരുന്നുള്ള ഈ സംസാരം .കിഴക്കെ അമ്മൂമ്മയും അവരുടെ  ദുഖങ്ങളും കേൾക്കുന്ന ഒരേ ഒരാൾ .ഒന്നും പിന്നെ ആലോചിച്ചില്ല കഴുത്തിൽ കിടന്ന ആ പാലയ്ക്ക മാല അവൾ കൈകളില വെച്ച് കൊടുത്തു ..

കിഴക്കേ അമ്മൂമ്മേടെ  കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്നാലും ഒരു ചെറു പുഞ്ചിരിയോടെ ആ പാലയ്ക്ക മാല കണ്‍ നിറയെ കണ്ടു ,മാല  ഭദ്രമായിട്ട് മടികുത്തിലെക്ക് തിരികി എന്നിട്ട്    അവളുടെ കൈകൾ വാരി പുണർന്നു ഒരു മുത്തവും കൊടുത്തിട്ട് അമ്മൂമ്മ അന്ന് മല ഇറങ്ങി .ദൂരെ നിന്ന്  ആണെങ്കിലും കിഴക്കേ അമ്മൂമ്മ നടന്നു മറയുന്നത് വരെ അവൾ  നോക്കി നിന്നു .

                                    ***            പിറ്റെന്നു അതിരാവിലെ ഉണർന്നു ,പതിവ് മുങ്ങി കുളിയും കഴിഞ്ഞ്  എന്തൊക്കെയോ  ചിന്തിച്ച് കൊണ്ട് പോകുന്ന  അമ്മൂമ്മയെ മകൾ  ആശ്ച്ചര്യത്തോടെ നോക്കി നിന്നു .

"ഇത് എന്താ ഇപ്പൊ ഇത്രയും സന്തോഷിക്കാൻ ! " അത് പറഞ്ഞെങ്കിലും  അവര്ക്കും മനസ്സിന് ഒരു പ്രസരിപ്പ് തോന്നി.

കിഴക്കേ അമ്മൂമ്മ മുറിയിൽ കയറി തൊഴുതു ഭസ്മം ഒക്കെ തൊട്ടു ,അന്ന് ഉടുക്കാനായി മാറ്റി വച്ച കസവു  മുണ്ടും പുടവയും എടുത്തു ,കിളി പച്ച ബ്ലൌസ്  ഉം കസവ് മുണ്ടും ഒക്കെ ഉടുത്ത് പേര മകളുടെ അടുത്തേക്ക് അവർ പോയി.

മായ കുളിച്ചു വന്നു..അന്നായിരുന്നു അവളുടെ വിവാഹ നിശ്ചയം ;അവൾ തലേന്ന് അടുത്തുള്ള  ഫാൻസി സ്റ്റോറിൽ  നിന്ന്  വാങ്ങിയ മാലയും കമ്മലും ഒക്കെ എടുത്ത് വെച്ചു
അമ്മൂമ്മയ്ക്ക് വിഷമം ആകും ,ഒരു പൊടി സ്വര്ണ്ണം പോലും ഇല്ലാതെ എന്ന പറച്ചിൽ ആണ് ,ഒരു മന്ത്രം പോലെ അത് ഉരിയാടി കൊണ്ടേ ഇരിക്കും .


അമ്മൂമ്മയോട് ഇത് സ്വർണം ആണെന്ന് പറയണം എന്ന് കരുതി , പിന്നെ ആ ആലോചന ഒക്കെ ഉപേക്ഷിച്ച് അവൾ ഒരുങ്ങാൻ തുടങ്ങി .പുടവ ഒക്കെ ഉടുത്ത് കണ്ണ് എഴുതി പൊട്ടും തൊട്ട്  നോക്കിയപ്പോഴാണ് വാതിലിനിടയിൽ കൂടീ ഒരാൾ നോക്കുന്നത് കണ്ടത് ,അമ്മൂമ്മ തന്നെ ,
അമ്മൂമ്മ കാണക്കെ തന്നെ മാലയും കമ്മല്ലും കുപ്പി വളകളും അവൾ അണിഞ്ഞു .അത് അമ്മൂമ്മ നോക്കി നിന്നു .ഇത് കാണുമ്പോൾ അമ്മൂമ്മേടെ പതിവ് പറച്ചിൽ കാണാഞ്ഞായപ്പോൾ അവൾ പതുക്കെ ഒന്നു നോക്കി ,മോണ കാട്ടി ചിരിച്ച് പുടവ ഉടുത്തത്ത് ഒക്കെ നോക്കി നില്ക്കുകയായിരുന്നു അമ്മൂമ്മ .


ഒരുപാട് അസുഖങ്ങൾ ഉണ്ടായിട്ടും അന്ന് ആ ദിവസം അമ്മൂമ്മേടെ മുഖത്ത് ആ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ,അത് മറയ്ക്കാനായി  അവൾ ഒരു കഷ്ണം മുല്ലപ്പൂവ് എടുത്ത് അമ്മൂമ്മയുടെ തലയിൽ തിരുകി .

പിന്നെയും മോണ കാട്ടി ചിരിച്ചിട്ട് തിരക്കിട്ട് പുറത്തേക്ക് പോയി അത്ഥിതികളെ ഒക്കെ സ്വീകരിക്കാൻ
ചെക്കനും വന്നു മുഹൂർത്തം ആകുന്നതിന് മുൻപ് മോളെ കാണാൻ കണ്ട് അനുഗ്രഹിക്കാൻ കിഴക്കേ അമ്മൂമ്മ അവളുടെ മുറിയിലേക്ക് പോയി .
"എങ്ങനെ ഉണ്ട്ട് അമ്മൂമ്മേ ? " അവൾ ചിരിച്ചു കൊണ്ട്ട് ചോദിച്ചു
ഒന്നും ഉരിയാടാതെ അമ്മൂമ്മ അവരുടെ മടികുത്തിൽ നിന്നും ആ മാല എടുത്ത് അവളുടെ കഴുത്തിലേക്ക്‌ അണിയിച്ചു .
അവളും തിരിച്ച് ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല .അവൾ വെറുതെ മാലയിലെക്ക് നോക്കി .
നല്ല ഭംഗിയുള്ള പാലയ്ക്ക മാല ...!!!
ഒരു തരി പൊന്നെങ്കിലും ഉണ്ടെല്ലോ ...അവൾ കണ്ണാടിയിൽ ആ മാലയുടെ ഭംഗി നോക്കി നിന്നു .

അന്ന് കിഴക്കെ അമ്മൂമ്മ വളരെ തിരക്കിൽ ആയിരുന്നു ,പണ്ട് കൂടെ കളിച്ചവരും ,അയൽവാസികളും  മക്കളും മരുമക്കളും  അവരുടെ മക്കളും എല്ലാവരും വന്നു.എല്ലാവരോടും വിശേഷം പറഞ്ഞും ഉറക്കെ ചിരിച്ചും കിഴക്കെ അമ്മൂമ്മ അന്ന് നടന്നു ..ഇടയ്ക്കിടയ്ക്ക്‌ അവളുടെ കഴുത്തിലേക്ക്‌ നോക്കി സ്വയം ഒന്ന് പുലമ്പി "പാലയ്ക്ക മാല "

വൈകുന്നേരം അമ്പലത്തിൽ പോകാൻ ഇറങ്ങിയതും മകൾ പിറകെ ഓടി വന്നു ചോദിച്ചു
"അമ്മയ്ക്ക് എവിടുന്നു കിട്ടി ഈ മാല "
തിരിഞ്ഞ് ഒന്ന് നോക്കി ചിരിച്ചിട്ട് കിഴക്കെ അമ്മൂമ്മ വേഗത്തിൽ നടന്നു
ദൂരെ നിന്ന് മായ അമ്മൂമ്മയെ നോക്കി നിന്നു


                                     ***                     കാവിൽ വിളക്ക്  വെച്ച് കുറച്ച് നേരം പ്രാർത്ഥിച്ചു  ,നല്ല സന്തോഷം ഉള്ള ദിവസം ആയിരുന്നെല്ലോ ,കാവിലെ സർപ്പങ്ങൾക്ക്  ദീപം വെച്ചു ഭഗവതിക്കും വെച്ചിട്ട് ഒരു കള്ള ചിരിയോടെ മടിക്കുത്തിൽ നിന്നും ആ മാല എടുത്ത് ഭഗവതിയുടെ മുന്നിൽ വെച്ചു ,എന്നിട്ട് വേച്ച് വേച്ച് നടന്ന് സ്ഥിരം ഇരിക്കുന്ന തിട്ടയിൽ പോയി ഇരുന്നു,സന്ധ്യക്ക് മുന്നെ മല ഇറങ്ങണം ,കിഴക്കേ അമ്മൂമ്മ നടന്നു നീങ്ങി


പാലയ്ക്ക മാലയും എടുത്ത് അവൾ തിട്ടയിൽ വന്നു ഇരുന്നു... ഒരു ചെറു പുഞ്ചിരിയോടെ

നണുത്ത ഒരു മഴ പെയ്തു ... കിഴക്കേ അമ്മൂമ്മ രാമ നാമം ജപിച്ചു കൊണ്ടിരിക്കെ മോണ കാട്ടി ആരോടെന്നിലാതെ ചിരിച്ചു ....!!


Friday, June 26, 2009

...മഴയില്‍...

മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു..എന്നിട്ടും ഞാന്‍ അവിടെ തന്നെ ഇരുന്നു...ഞാന്‍ മേലോട്ടു നോക്കിയപ്പോള്‍ പൊടി പൊടി ആയി വീണ മഴത്തുള്ളികള്‍ എന്റെ കണ്ണുകളില്‍ നിറയാന്‍ തുടങ്ങി....തണുത്ത തുള്ളികള്‍...!!!
ആ തിരക്കുള്ള കവടിയാര്‍ റോഡിലേ ഫൂട്ട്‌-പാത്തില്‍ ഞാന്‍ ഇരുന്നു...ദൂരേ എങ്ങോ നോക്കി കൊണ്ട്‌...ബാഗിനകത്ത്‌ നിന്നും കുട എടുക്കണം എന്നു ഉണ്ടായിരുന്നു പക്ഷേ എനിക്ക്‌ അനങ്ങാന്‍ പോലും തോന്നിയില്ല ആകെ ഒരു തളര്‍ച്ച ..എന്തോ ഭയങ്കര വിഷമം...!!!
പച്ച... മഞ്ഞ... ചുവപ്പ്‌....!!!
സിഗ്നലുകള്‍ മിന്നിമായുന്നതും നോക്കി പൊടി പൊടി ആയി പെയ്യുന്ന മഴയുടെ തണുപ്പിന്റെ കൂട്ടും പിടിച്ച്‌ ആരും ആരെയും അറിയാത്ത വെറും ഒരു അപരിചിത മാത്രം ആയി ഞാന്‍ അവിടെ ഇരുന്നു...!ഒരു ചുവപ്പ്‌ സിഗ്നല്‍ സമയത്ത്‌ മറുവശത്ത്‌ നിന്നും ഒരു നിഴല്‍ എന്റെ നേരെ നടന്നു വന്നു...ഒരു ആണ്‍ രൂപം...അടുത്തു വന്നു നിന്നപ്പോള്‍ ഞാന്‍ ഒന്നു നോക്കി...നന്ദന്‍...എന്തോ എന്നോടു ഒന്നും ചോദിക്കാതേ എന്റെ അരികത്തു ഇരുന്നു...അല്ല ആരായാലും ചോദിച്ചു പോകും എന്താ ഈ പെരുവഴിയില്‍ മഴയും കൊണ്ട്‌ ഇരിക്കുന്നത്‌ എന്നു...പക്ഷേ നന്ദന്‍ ഒന്നും മിണ്ടിയില്ല...ഒന്നും ചോദികാത്തതു തന്നെ നല്ലത്‌...കാരണം എനിക്ക്‌ ഉത്തരങ്ങള്‍ ഇല്ല ഒന്നിനും...അല്ലെങ്കിലും മഴതുള്ളികള്‍ മറച്ച എന്റെ കണ്ണിലേ കണ്ണുനീര്‍തുള്ളികളെ തിരിച്ചറിയാന്‍ ഒരാള്‍ക്കു മാത്രമേ സാധിക്കുകയുള്ളു....നന്ദനും ഞാനും ഒരു വാക്കും ഉരിയാടാതേ അവിടെ ഇരുന്നു...നമുക്കിടയില്‍ മൗനം മാത്രം നിര്‍ത്താതേ ഏതോ ഈണം പാടി...
പിന്നെ രണ്ടാളും കൂടി സിഗ്നല്‍ നോക്കി ഇരുന്നു...പച്ച ...മഞ്ഞ... ചുവപ്പ്‌.....
....മഴയുടെ ശക്തി ചെറുതായി കൂടാന്‍ തുടങ്ങി...ഞാന്‍ നന്ദന്റെ അരികിലെക്കു ഇരുന്നു ..നന്ദന്റെ കൈകളില്‍ മുറുകേ പിടിച്ചു.. ഒന്നു കണ്ണടച്ചു ചാരി ഇരുന്നു..കണ്ണുകളേ കരയാന്‍ അനുവദിക്കാതേ അവയില്‍ തളം കെട്ടി നിന്ന കണ്ണുനീര്‍ വാര്‍ന്നൊഴുകാന്‍ തുടങ്ങി....ഇറ്റു വീണ മഴതുള്ളികല്‍ അതിനേ മായ്ച്ചു...തണുത്ത തുള്ളികള്‍ എന്നില്‍ സ്പര്‍ഷിച്ചപ്പോഴും അതന്നേ മരവിപ്പിച്ചില്ല കാരണം അകം ആകെ മരവിച്ചു മരിച്ചു പോയിരിക്കുന്നു...പക്ഷേ ഇന്നും എന്നില്‍ ജീവനോടെ നില്‍ക്കുന്നത്‌ ഒന്നു മാത്രം.. ഈ പ്രണയം...

മനസ്സില്‍ എന്തൊക്കെയൊ ചിന്തകള്‍ മിന്നിയും മാഞ്ഞും നിന്നു...അതിനും ഈ ട്രാഫിക്‌ സിഗ്നല്‍ ന്റെ മൂന്നു നിറങ്ങള്‍ ആണ്‌....
എന്തൊക്കെയൊ ആലോചിച്ചു ഞാന്‍ അവിടെ തന്നെ ഇരുന്നു...നന്ദന്‍ അരികില്‍ ഉള്ളപ്പോള്‍ ഒന്നും പേടിക്കാനില്ല...ഞാന്‍ മനസ്സില്‍ പറഞ്ഞു...കൈകളില്‍ പിന്നെയും മുറുകേ പിടിച്ചപ്പോള്‍ നന്ദന്‍ എന്റെ കൈകളിലേക്കു കൈ വെച്ചു...നന്ദന്റെ കൈകള്‍ക്കു ആകെ ഒരു തണുപ്പ്‌...ഒരു നിമിഷം ആ കൈകളെ സ്പര്‍ഷിച്ചപ്പൊഴേക്കും ആ തണുപ്പ്‌ എന്റെ കൈകളേ മരവിപ്പിച്ചു...പെട്ടെന്നു ഞാന്‍ കണ്ണുകള്‍ തുറന്നു നോക്കി...ചുറ്റും ശൂന്യം...ആരും അരികില്‍ ഇല്ല...ഞാന്‍ ഞാന്‍ മാത്രം അവിടെ ഇരിക്കുന്നു..ചുറ്റും വല്ലാത്ത ഒരു തണുപ്പും.മഴ അപ്പോഴും പെയ്തു..!!!!!!

പതുക്കെ എണീറ്റു നിന്നു...സ്ട്രീറ്റ്‌ ലൈറ്റ്ന്റെ വെളിച്ചത്തില്‍ മഴത്തുള്ളികള്‍ തിളങ്ങി...അകാശത്തു നിന്നും നക്ഷത്രങ്ങള്‍ പെയ്തു ഇറങ്ങുന്നത്‌ പോലെ...
ആ മഴയില്‍ കണ്ണടച്ചു നിന്നു ഞാന്‍ പ്രാര്‍ത്ഥിച്ചു...എനിക്കും ഒരു ദിവസം കിട്ടിയിരുന്നെങ്കില്‍..എല്ലാം തിരിച്ചു പിടിക്കാന്‍...
പതുക്കെ ബാഗും എടുത്തു ഞാന്‍ നടന്നു...ബാഗിനകത്തു നിന്നും എവിടെ നിന്നോ കുട എടുത്തു...അതും നിവര്‍ത്തി നടന്നു നീങ്ങി...മഴയിലൂടെ...!!
***************************************************************************************

ഹൈവേയിലൂടെ സ്പീഡില്‍ വണ്ടി ഓടിച്ചു പോകുമ്പോള്‍ നന്ദന്റെ മനസ്സില്‍ മുഴുവനും അവള്‍ ആയിരുന്നു...എന്തിനു താന്‍ അങ്ങനെ പറഞ്ഞു എന്നു അറിയില്ല..
എല്ലാം മറക്കണം എന്നു പറഞ്ഞപ്പോള്‍ ഒന്നും മിണ്ടാതേ അവള്‍ നടന്നു നീങ്ങി...എങ്കിലും മനസ്സില്‍ അവളുടെ ആ നടത്തം ആ മനസ്സിലെ വിഷമം നിറഞ്ഞു നിന്നു....!!!

വണ്ടി നിര്‍ത്തി ഒരു നിമിഷം...!
കണ്ണുകളില്‍ നിന്നു കണ്ണുനീര്‍ വന്നപ്പോള്‍ നന്ദനു തന്നെ അതിശയം തോന്നി...അദ്യമായി അന്നു നന്ദന്‍ കരഞ്ഞു...
*************************************************************************************


മുമ്പില്‍ നില്‍ക്കുന്നത്‌ നന്ദന്‍ ആണോ അതോ വെറും നിഴലാണോ അതോ തോന്നലാണൊ ഒന്നും തിരിച്ചറിയാന്‍ പറ്റാത്ത വണ്ണം മരവിച്ചുപോയി ചിന്തകള്‍...നന്ദന്‍ തന്നെ ആനെന്നു അറിഞ്ഞപ്പോള്‍ അവിടെ തന്നെ നിന്നു പോയി...അവര്‍ പരസ്പരം നോക്കി നിന്നു...

ഒരാളെ മനസ്സുകൊണ്ട്‌ ആത്മാര്‍ഥമായി പ്രണയിച്ചാല്‍ എത്ര ദൂരേ പോയാലും അതു തിരിച്ചു വരും....
അവര്‍ പിന്നെയും അവിടെ ഇരുന്നു...കവടിയര്‍ റോഡില്‍ ഫൂട്ട്‌-പാത്തില്‍ ഇറ്റു വീഴുന്ന ചെറിയ മഴത്തുള്ളിക്കളെ നോക്കികൊണ്ട്‌ ഒരു കുടകീഴില്‍...
ട്രാഫിക്‌ സിഗ്നല്‍ അപ്പോഴും മിന്നിമാഞ്ഞു നിന്നു...

പച്ച... മഞ്ഞ... ചുവപ്പ്‌...!!!

Tuesday, April 21, 2009

ഒരു കോഫി പ്രണയം..!!*(((((((((((കഥ))))))))))))))*


ഇടവേളകളില്‍ കഫേയിലേക്കുള്ള സന്ദര്‍ശനം അതു ഒരിക്കലും ഞാന്‍ മുടക്കിയിരുന്നില്ല.ഒറ്റയ്ക്കു ആണെങ്കിലും ഞാന്‍ പോകും.ഒരു നല്ല ചൂടു കാപ്പിയും ആസ്വദിച്ച്‌ ചുറ്റും ഇങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ആഹാ മനസ്സിനു എന്താ സന്തോഷം...

ആദ്യം ഒക്കെ ഒറ്റയ്ക്കു ആയിരുന്നു..പിന്നെ പിന്നെ ആരൊക്കെയൊ കൂടെ കൂടി അങ്ങനെ ഇപ്പോള്‍ ഒരു ഗാംഗ്‌ ആയിട്ടു തന്നെ..അപ്പോള്‍ പിന്നെ അതു കാപ്പിയില്‍ മാത്രമായി ഒതുങ്ങില്ല എന്ന കാര്യം ഉറപ്പാണേ ..എങ്കിലും ഞാന്‍ കാപ്പിയില്‍ തന്നെ ഉറച്ചു നിന്നു,പല രുചിയില്‍ ഉള്ള കാപ്പികള്‍ പരീക്ഷിക്കാന്‍ തുടങ്ങി ആ മാറ്റം മാത്രമെ എനിക്കു വന്നുള്ളൂ

പിന്നെ പിന്നെ എനിക്കു ഒരു കാര്യം മനസ്സിലായി ഈ കാപ്പി കുടിയും എന്റെ ഭാഗ്യവും ആയി എന്തോ ബന്ധം ഉണ്ടെന്നു.ഒരു കാപ്പി ഭ്രാന്തി ആണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടാകും സംശയിക്കണ്ടാ അതു തന്നെ ആണു.ഒരു ദിവസം ഞാന്‍ അഞ്ചു കാപ്പി കുടിക്കുംഅതിരാവിലെ,ബ്രേക്ക്‌ ന്നു, ഉച്ച കഴിഞ്ഞു,വൈകുന്നേരം,ബ്ലോഗുമ്പോള്‍(വായികുമ്പോള്‍ എഴുതുമ്പോള്‍)

ഒരു ദിവസം ഞാന്‍ കാപ്പി കുടിച്ചില്ല എന്നു കരുതുക..പിന്നെ ഒന്നും പറയെണ്ട...തീര്‍ന്നു..തല്‍ക്കാലത്തേക്കു എന്നേ വിട്ടു നില്‍ക്കുന്ന നിര്‍ഭാഗ്യങ്ങള്‍ എല്ലാം വന്നു പൊതിയാന്‍ തുടങ്ങും.അതുപറഞ്ഞപ്പൊഴാ ഒരു വൈകുന്നെരം ഞാന്‍ കോഫി കുടിച്ചില്ല..എന്റെ അമൂല്യമായ 'കാഫൈന്‍' എന്ന പട്ടികുട്ടിയേ ആരൊ അടിച്ചുമാറ്റികൊണ്ടു പോയ ഒരു കാളദിവസം ആയിരുന്നു അതു.കാഫൈനേ അലൊചിച്ചു എത്ര കാളദിവസങ്ങള്‍ ഞാന്‍ കാപ്പിയും കുടിച്ചു കണ്ണീരും ഒലിപ്പിച്ചു നടന്നിട്ടുണ്ട്‌ എന്നു അറിയാമോ?ഒരു ദിവസം ഞാന്‍ കഫെയില്‍ എത്തി അന്നു ഒറ്റയ്ക്കായിരുന്നു കൂട്ടുകാര്‍ എല്ലാവരും ബുസി ചൂടു കാപ്പി ലാന്റ്‌ ചെയ്തു.കുറേ നേരം കാപ്പിയുടെ ഭംഗി നോക്കി ഇരുന്നു *u r soooo hot* ഞാന്‍ രഹസ്യമായി പറഞ്ഞു.പിന്നെ അതിന്റെ മണം ആസ്വദിച്ചു ഇരുന്നു.പതുക്കെ കപ്പ്‌ കൈയില്‍ എടുത്ത്‌ ഒരു സിപ്പ്‌ അകത്താക്കി കൊള്ളില്ല ..മധുരം തീരേ പോരാ..തീരേ എന്നല്ല ഒട്ടുമെ ഇല്ല.കാപ്പി ഇടുന്ന ആള്‍ മാറി എന്നു തോന്നുന്നു.ഞാന്‍ രണ്ടു സ്പൂണ്‍ പഞ്ചസാര ഇട്ടു.സ്പൂണ്‍ ഇട്ടു കലക്കാന്‍ തുടങ്ങി.പതുക്കെ കലക്കാം.പഞ്ചസാര അലിഞ്ഞു കാപ്പിയില്‍ നന്നായി അലിഞ്ഞു ചേരട്ടെ!!! ;)

പെട്ടെന്നായിരുന്നു ഞാന്‍ അതു ശ്രദ്ധിച്ചത്‌ രണ്ടു കണ്ണുകള്‍ എന്നേ തന്നെ നോക്കുന്നു..കാപ്പികുടിച്ചു കൊണ്ടു തന്നെ ഞാനും നോക്കി ആ കണ്ണുകളിലെക്ക്‌കാപ്പിയേക്കാള്‍ ആകര്‍ഷണം തോന്നിക്കുന്നവ ...
നക്ഷത്രങ്ങളുടെ തിളക്കം ...
ആ കണ്ണുകള്‍ എന്തോ പറയുന്നുണ്ടായിരുന്നു...കുറച്ചു കഴിഞ്ഞപ്പോഴാണ്‌ സ്ഥലകാലബോധം വന്നതു..കാപ്പിയേ മറന്നു വല്ല കണ്ണുകളുടെയും പിറകെ പോയാല്‍ ഇങ്ങനെ ഇരിക്കും...പെട്ടെന്നു ഞാന്‍ കാപ്പി കുടിച്ച്‌ അവിടുന്നു ഇറങ്ങി...തിരിച്ചിറങ്ങും വഴി ഒന്നും കൂടി ഞാന്‍ ആ കണ്ണുകളിലെക്കു നോക്കി...വെറുതെ...!


എന്നേ നോക്കി ചിരിച്ചെന്നു തോന്നുന്നു...എന്റെ ഓരോ തോന്നലേ.. പിന്നെ ആ കഫെയിലെ ഞാന്‍ പോയി...ആ കണ്ണുകള്‍ ആണോ എന്നേ അവിടെ വീണ്ടും വീണ്ടും പോകാന്‍ പ്രേരിപ്പിച്ചതു എന്നു അറിയില്ല...എന്തായാലും ഞാന്‍ പോയി...അവിടുത്തേ സ്ഥിരം സന്ദര്‍ശകനായിരുന്നു ആ അപരിചിതന്‍ എന്നു തോന്നുന്നു.


ദൂരെ എവിടുന്നോ ആണെങ്കിലും ആ കണ്ണുകള്‍ എന്നെ തേടി പിടിച്ചിരുന്നു..ഞാനും വിട്ടു കൊടുത്തില്ല ഞാനും ഏറു കണ്ണുകള്‍ ഇടും...ചിലപ്പോള്‍ ഒളിച്ചു കളിക്കും...എപ്പൊഴൊക്കെയ്യൊ ഒന്നു ചിരിക്കും...ദൂരേ നിന്നും......!

അങ്ങനെ നോക്കി നോക്കി എനിക്കു പ്രേമം എന്ന അസുഖം പിടികൂടി...പിന്നെ കഫെയില്‍ പോക്കു കാപ്പി കുടിക്കുന്നതിനേക്കാള്‍ ഉത്സാഹത്തില്‍ ആ കണ്ണുകളെ തേടി കണ്ടുപിടിക്കുംകാപ്പിയെയും മറന്നു ആ കണ്ണുകളിലേ സ്വപ്നങ്ങല്‍ക്കു നിറം കൊടുക്കുകയായിരുന്നു ഞാന്‍ കൂട്ടുകാരെ വെട്ടിച്ചു കാപ്പികുടിയുടെ മറവില്‍ ഞാന്‍ എന്റെ നിശബ്ദ പ്രണയം തുടര്‍ന്നു...പിന്നെ പിന്നെ കാപ്പി കുടിച്ചില്ലെങ്കിലും ദൂരേ നിന്നു എങ്കിലും ഒന്നു കാണണം എന്നു തോന്നി...

പിന്നെ ഏതാണ്ടു 3 ആഴ്ച്ചയോളം ഞാന്‍ ആ നക്ഷത്രകണ്ണുകള്‍ കണ്ടില്ല.......എങ്കിലും തിങ്ങി നിറഞ്ഞ കഫെ വരാന്തയിലും.. നില്‍ക്കാനും വരാനും സാധാരണ കാണാനും സാധ്യത ഉള്ള സ്ഥലങ്ങളില്‍ ഒക്കെ ഞാന്‍ കണ്ണു ഓടിക്കും...ഒന്നും കണ്ടില്ല...

എന്തായാലും ഒരു നീണ്ട ഇടവേളക്കു ശേഷം ഞാന്‍ വീണ്ടും പോയി കഫെ യില്‍ ഒറ്റയ്ക്കുപുറത്തു വെയില്‍ മായാതെ നില്‍ക്കുന്നുകാപ്പിയും ആയി ഇരുന്നു...ഒരു മണിക്കൂറോളം..വന്നില്ല...ഒരു കാപ്പി കൂടി ഓര്‍ഡര്‍ ചെയ്തു ..വന്നില്ല കണ്ടില്ല...

അരമണികൂര്‍ പിന്നെയും പോയി..ആകെ എന്തോ പോലെ തോന്നി ഈ മൂന്നു ആഴ്ചയും തള്ളി നീക്കിയതു ഈ ദിവസതിനായിരുന്നു ദൂരേ നിന്നു ഒരു നോക്കു എങ്കിലും കാണണം എന്നു ഒരു തരം പിടിവാശി പോലെ ... ആരോ ഒരാള്‍ എതാണ്ടു ഒരു മൈല്‍ ദൂരേ നിന്നു ചിരിച്ചു കാണിക്കുന്നതു കാണാന്‍ വേന്ദി കാത്തു ഇരിക്കുന്നു...ഹൊ!.

മൂന്നാമത്തെ കാപ്പിയും ഓര്‍ഡര്‍ ചെയ്തു ആ കപ്പു ഇങ്ങനെ കറക്കി കറക്കി കളിച്ചു ഇരുന്നപ്പോള്‍ മനസ്സില്‍ പല തരം ചിന്തകള്‍ ആയിരുന്നു...ഓവര്‍ ആയി കാപ്പി കുടിച്ചത്തിന്റെ ആ ഒരു പ്രഭാവം ആണെന്നു തോന്നുന്നു.. ഭയങ്കര ഭാവന

മൗനത്തിന്റെ ഭാഷയില്‍ ..എന്നോ തുടങ്ങി.മറവിയില്‍ എങ്ങോ അലിഞ്ഞു പോയ ഒരു നിമിഷം.ഒരു പുഞ്ചിരിയില്‍ നിന്നോ അതോ ആരും കാണാതെ കണ്ണുകള്‍ തമ്മില്‍ കണ്ടുമുട്ടിയ ആ നിമിഷത്തിലോ ...
നീ ഒരിക്കലും വരാത്ത ഈ ഒഴിഞ്ഞ വരാന്തയില്‍ നിന്നെയും കാത്തു നിന്ന നിമിഷത്തില്‍ ഒരു സ്വപ്നം എന്ന പോലെ നീ കടന്നു വന്നപ്പോഴോ...എപ്പോഴോ തുടങ്ങി.....നിന്റെ ഈ നിശബ്ദ്‌ സംഗീതം ഞാന്‍ ആസ്വദിച്ചു കൊണ്ടേ ഇരുന്നു ഉറങ്ങാതെ സ്വപ്നം കാണാതെ മറ്റൊരു സംഗീതത്തിനും കാതോര്‍ക്കാതേ ....

നീ നടന്നു നീങ്ങുമ്പൊഴും എന്റെ കണ്ണുകള്‍ നിന്നെ പിന്തുടര്‍ന്നു ഞാന്‍ അപ്പോഴും ആസ്വദിക്കുകയായിരുന്നു എനിക്കു മാത്രം,ആയി നീ പകര്‍ന്നു നല്‍കിയ ആ നിശബ്ദ്‌ സംഗീതത്തിന്റെ ഓരോ ഈണവും രാഗവും പല്ലവിയും....

ചിന്തകളില്‍ നിന്നു തിരിച്ച്‌ വന്നു ചുറ്റും ആ കണ്ണുകള്‍ക്കായി തിരഞ്ഞു ഇല്ല കണ്ടില്ല
വീണ്ടും ഒരു കവിള്‍ കാപ്പിയും കൂടി നുകര്‍ന്നു.....

ചിലപ്പൊഴൊക്കെ ഒരു ഗാഢ നിദ്രയില്‍ എന്ന പോലെ ഞാന്‍ ഉണര്‍ന്നു ചുറ്റും നോക്കും നീ അടുത്തു വന്നു എന്തോ സംസാരിച്ചു എന്ന ഒരു തോന്നല്‍ ....ഞാന്‍ നിന്റെ ശബ്ദം കെട്ടുവോ....എനിക്കു തോന്നാറുണ്ട്‌ നമ്മള്‍ ഒരുപാട്‌ നേരം സംസാരിച്ചു ഇരുന്നു എന്നു.... മൗനവും വചാലം ആകുന്ന എന്റെയും നിന്റെയും നിമിഷങ്ങള്‍
ജനാല വഴി പുറത്തെക്കു നോക്കി.... ഈ വെയില്‍ അതൊക്കെ ഒന്നു പോയി കാര്‍മേഘങ്ങള്‍ ആകാശത്തു കാണാന്‍ ഞാന്‍ കൊതിച്ചു...

മഴയില്‍...ഒരോ മഴതുള്ളിയിലും നിന്റെ ചിരി നിറഞ്ഞു നില്‍ക്കും... ആ ചിരിച്ച മുഖം കാണാനായി മാത്രം ഞാന്‍ ഈ മഴയെ ഇഷ്ടപെടുന്നു.. അതിനായി മാത്രം...എന്റെ കണ്ണുകള്‍ എപ്പൊഴൊ ഒന്നു തിരഞ്ഞപ്പോള്‍ ആ മുഖം അങ്ങൂൂ ദൂരേ ഞാന്‍ കണ്ടു...ദൂരേ നിന്നു നോക്കിഇരുന്നപ്പൊല്‍ ഞാന്‍ ആലോചിക്കുകയായിരുന്നു...
ഇതു പ്രണയം.. തന്നെ ആണോ....

നമ്മുടെ ഈ അലഞ്ഞു തിരിഞ്ഞു നടക്കുന്ന മനസ്സിനു ആരോടു വേണമെങ്കിലും പ്രണയം തോന്നാം.പ്രണയം അതു എപ്പൊഴും തുറന്നു പറയാന്‍ പറ്റി എന്നു വരില്ല...
തുറനു പറഞ്ഞാലും ചിലപ്പോള്‍ പ്രണയിക്കാന്‍ പറ്റിയെന്നു വരില്ലാ.

ഒരാളോടു തോന്നുന്ന ഇഷ്ടം ഇങ്ങനെ ഒരുപാടു ദൂരേ മാറി ഇരുന്നു ഒരു കപ്പ്‌ കാപ്പിയും ആയി സ്വപ്നം കാണുമ്പോള്‍ ഒന്നുമേ എനിക്കു പ്രതീക്ഷിക്കാന്‍ ഇല്ല...ഒന്നു ഉണ്ട്‌ എന്നെങ്കിലും എന്നെ പ്രണയിക്കുമാകും എന്നൊരു നേരിയ പ്രതീക്ഷ ....
എന്റെ ഈ തോന്നല്‍ എന്റെ ഒരു നിശബ്ദ്‌ പ്രണയമായി തന്നെ പര്യവസാനിക്കട്ടെ..

എന്റെയും നിന്റെയും നിശബ്ദ്‌ പ്രണയം പക്ഷേ എന്റെ മാത്രം ഒരു കാപ്പി പ്രണയം..
ഞാന്‍ കഫെ യില്‍ നിന്നും ഇറങ്ങി..നടത്തം മന്ദഗതിയില്‍ ആയിരുന്നു എന്തൊ ഒന്നു കൈ വിട്ടു പോയതു പോലെ...
നല്ല ഒരു സ്വപ്നത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നിട്ടു ആ സ്വപ്നത്തേ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്ന ഒരു കുഞ്ഞു കുട്ടിയായി ഞാന്‍ മാറുകയായിരുന്നു
ഇറങ്ങാന്‍ നേരം ഞാന്‍ ഒന്നും കൂടി ആ മുഖത്തേക്കു നോക്കി അവസാനമായി...ഒന്നു ചിരിച്ചു....!എന്റെ ഒരു കോഫി പ്രണയം..എന്റേ മാത്രം.....
---------------------------------------------------------------------------------------------
പിന്നെ എന്തു കൊണ്ടോ ഞാന്‍ കഫെയില്ലെക്കു പോയില്ല...ഇന്നലെ ഞാന്‍ പോയി പക്ഷേ...ആരും ഇല്ല..തിരക്കൊന്നും ഇല്ലാത്തതു കൊണ്ട്‌ തന്നെ ജനാലയ്ക്കു അരികിലുള്ള ഒരു സീറ്റ്‌ തന്നെ എനിക്കു കിട്ടി കുറേ നേരം ജനാല വഴി ദൂരേ എങ്ങോ നോക്കി ഇരുന്നു...കോഫി ക്കു ഓര്‍ഡര്‍ ചെയ്യാന്‍ ഉദേശിച്ചപ്പൊഴേക്കും എന്റെ ടേബിളില്‍ ഒരു കപ്പ്‌ കാപ്പി എത്തി കഴിഞ്ഞിരുന്നു അതിനു മേലെ നല്ല ഭംഗിയില്‍ ക്രീം വെച്ചു വരച്ച ഒരു ഹ്രദയവും...ഞാന്‍ അന്തംവിട്ടു ഇരുന്നപ്പൊഴെക്കും ഒരു നോട്ട്‌....ഞാന്‍ തുറന്നു നോക്കി...
എന്നും കാപ്പി കുടിക്കാന്‍ വരുന്ന അപരിചിതയ്ക്ക്‌
സ്നേഹത്തോടെ...
നന്ദന് ....
‍ അതു കണ്ടതും ഞാന്‍ ചുറ്റും നോക്കി ആരെയും കണ്ടില്ല ... ഞാന്‍ കരുതി ഇപ്പൊഴെങ്കിലും എന്റെ കൂടെ ഒരു കപ്പ്‌ കാപ്പി കുടിക്കാന്‍ നന്ദന്‍ എത്തും എന്നു...പക്ഷേ...എങ്കില്‍ എന്താ എന്റേ കോഫി പ്രണയം വെള്ളത്തില്‍ ആയില്ലെല്ലൊഅതാ പറയുന്നെ കോഫി നമ്മളെ ഒരിക്കലും ചതിക്കില്ല എന്നു...!!!
വീട്ടില്‍ വന്നു ഇതു ബ്ലൊഗിയപ്പോള്‍ എന്താ സന്തോഷം ...ഒരു കപ്പ്‌ കാപ്പിയുമായിട്ട്‌ ഇതു വായിക്കുന്നുണ്ടാകും നന്ദനും...
...^കഥ എഴുതി ക്ഷീണിച്ചു ഇനി ഞാന്‍ പോയി ഒരു കോഫി കുടിക്കട്ടേ^...
:D


Saturday, February 14, 2009

നിനക്കായി മാത്രം ..


പുതപ്പിന്റെ ഇടയില്‍ നിന്നും എവിടുന്നൊ ഞാന്‍ കൈകള്‍ നീട്ടി തപ്പാന്‍ തുടങ്ങി ...ചിലച്ചു കൊണ്ടെ ഇരിക്കുന്ന മൊബൈല്‍ !!!അതെവിടെ?
പതുക്കെ തലയിണകള്‍കിടയിലൂടെ തല പൊക്കി ചുറ്റും നോക്കി...ചുറ്റും ഇരുട്ട്‌..മൊബൈല്‍ എപ്പൊഴോ ചിലപ്പു നിര്‍ത്തി വീണ്ടും അതിന്റെ നിദ്രയിലെക്കു പോയിരിക്കുന്നു...എന്തായാലും ഉണര്‍ന്നു അതുകൊണ്ട്‌ തന്നെ ആരാണു വിളിച്ചത്‌ എന്നു അറിയാന്‍ മൊബൈല്‍ തപ്പി പിടിച്ച്‌ കണ്ണുകള്‍ ചിമ്മി നോക്കി....
1 missed call
1 message received
മെസേജ്‌ തുറന്നു
മീര:എടീ ഹെല്‍പ്‌ ഹെല്‍പ്‌ !!

ഞാന്‍ ഉടനെ സമയം നോക്കി...6 മണി..ഇതെന്താ അതിരാവിലെ ഒരു HELP വിളി....ഞാന്‍ അങ്ങൊട്ടേക്കു വിളിച്ചു...
എന്തുവാടീ?

എടി നാളെ valentines day അല്ലെ എനിക്കു ഒരു ഗിഫ്റ്റ്‌ വാങ്ങണം പക്ഷെ ഞാന്‍ ഇന്നു വന്‍ busy നീ എനിക്കു ഗിഫ്റ്റ്‌ വാങ്ങി തരുമൊ?
ആദ്യം ഒന്നു പകച്ചു ഞാന്‍ എന്തു ഗിഫ്റ്റ്‌ വാങ്ങി കൊടുക്കാനോ?എനിക്കു ഇഷ്ടം ഉള്ള ഗിഫ്റ്റ്‌ വാങ്ങാന്‍ പോലും..ആ ആയിക്കൊട്ടെ ഞാന്‍ എനിക്കു തോന്നുന്നതു വാങ്ങി കൊടുക്കും.....
ഞാന്‍ എണീറ്റു അടുക്കളയില്‍ പോയി ഒരു കോഫി ഉണ്ടാക്കി...ഉള്ളില്‍ ഒരു ഉത്സാഹം തോന്നി ആദ്യമായി valentines dayക്കു ഞാന്‍ ഗിഫ്റ്റ്‌ വാങ്ങാന്‍ പോകുന്നു സ്വന്തമായിട്ടു അല്ലെങ്കിലും ....

ഞാന്‍ പകല്‍ മുഴുവനും ആലോചിക്കുകയായിരുന്നു എന്താണു ഈ വലെന്റിനെസ്‌ ഡേ...പ്രണയിക്കാനായി ഒരു ദിവസം?
പ്രണയം, തുടങ്ങുന്ന സമയത്തു നല്ല രസം ആണു...
അവന്റെ കണ്ണുകള്‍ തേടി ഉള്ള ഒരു തരം അലച്ചില്‍...
out of focuss തന്നെ ആകും പ്രണയത്തില്‍...ചുറ്റും അവനെ തന്നെ കാണും...ഒരു ഗാംഗില്‍ അവന്‍ നില്‍ക്കുമ്പോള്‍ അവനെ മാത്രമെ കാണുള്ളു...നിങ്ങളുടെ കൂട്ടുകാരി അടുത്തു നിന്നു ആ ഗാംഗില്‍ ഉള്ള വെറേ ആരെങ്കിലും പറ്റി പറയുന്നുണ്ടാകും എവിടേ കേള്‍ക്കാന്‍ ...
one way love ആകുമ്പോള്‍ അവന്‍ ഇങ്ങൊട്ടെക്കു വന്നു സംസരികുമ്പോഴാ ഏറ്റവും രസം...കണ്ണു അങ്ങോട്ടെക്കു focuss ചെയ്യാനെ പറ്റില്ല...കണ്ണുകളില്‍ നിന്നു എന്തെങ്കിലും അവന്‍ വായിച്ചു എടുത്താലൊ എന്നൊക്കെ ഒരു പേടി ആകെ ഒരു പരിഭ്രമം ആകും...
ഞാന്‍ ആലൊചന നിര്‍ത്തി online കയറി മെയില്‍ ചെക്ക്‌ ചെയ്തപ്പോള്‍ ഒരു കൂട്ടുകാരി എനിക്കു crush calculator അയച്ചിരിക്കുന്നു...
ഞാന്‍ full name എഴുതി 3 secret crush names എഴുതി..അപ്പോള്‍ അതാ ഒരു മെസേജ്‌
Ooopss... You have been fooled! !!!!


The names of your secret loves you typed on the last page has been sent to: ^*^*^868@gmail.com
She or He knows all your secret-crushes now !!!!

ഭാഗ്യത്തിനു ഞാന്‍ പേരൊന്നും എഴുതിയില്ല..അല്ലെങ്കില്‍ കുളം ആയെനേ ..ഞാന്‍ ബുദ്ധിപൂര്‍വ്വം "xyz" എന്നു എഴുതി... പണ്ടു എനിക്കിതു കിട്ടിയപ്പോള്‍ ഞാന്‍ കാര്യമായി 1 പേരു 3 തവണ എഴുതി എന്നിട്ടു അവസാനം മെസേജ്‌ കണ്ടപ്പോള്‍ ഞെട്ടി ... ആ മെസേജ്‌ അതു അയച്ച കാലമാടനു തന്നെ ആണെല്ലൊ പോകുന്നെ എന്നു അലൊചിച്ചിട്ടു എന്റെ ഉറക്കം തന്നെ പോയിട്ടുണ്ട്‌

ഓണ്‍ലൈന്‍ ആയപ്പോള്‍ ആരോടെലും എന്തെങ്കിലും സംസാരിക്കണം എന്നു കരുതി ആരെയോ പ്രതീക്ഷിച്ച്‌ എന്ന പോളെ നോക്കി ഇരുന്നു ...പക്ഷേ ആരും ഇല്ലായിരുന്നു...കുറെ നേരം നോക്കി ഇരുന്നിട്ടു offline ആയി


പ്രണയം ഒരു വല്ലാത്ത സംഭവം തന്നെ ആണു...പലപ്പൊഴും പ്രണയം തുറന്നു പറയാന്‍ പറ്റാതേ പോകാറുണ്ട്‌ പലര്‍ക്കും...ഒരുപാടു പ്രണയം ഉള്ളില്‍ സൂക്ഷിക്കും എന്നാല്‍ ഒന്നും പുറത്ത പറയാത്തവര്‍ എത്രയോ പേര്‍ ....എനിക്കു ഒരു സുഹ്രുത്ത്‌ ഉണ്ട്‌ കെട്ടോ..അവനു ഒരു പെണ്‍ കൊച്ചിനോടു വന്‍ LOVE...അവന്‍ എന്നും അവള്‍ടെ കോളേജ്‌ ബസ്സിന്നു പിറകേ ബൈക്കില്‍ പോകും..അവള്‍ സ്റ്റോപ്‌ എത്തി റോഡ്‌ ക്രൊസ്സ്‌ ചെയ്തു ഗേറ്റ്‌ തുറന്നു അകത്തു കടക്കുന്നത്തും വരെ ബൈക്ക്‌ അവിടെ ഇടവഴിയില്‍ ചാരി വെച്ചു നോക്കി നില്‍ക്കും എന്നിട്ടു തിരികേ വരും...എന്നും അവന്‍ ഇതു ചെയ്യും...പ്രണയം തുറന്നു പറയാതെ, പക്ഷെ അവള്‍ക്കായി ഒരുപാടു പ്രണയം ഉള്ളിന്റെ ഉള്ളില്‍ സൂക്ഷിച്ചു കൊണ്ട്‌...ഇതിന്റെ logicഎനിക്ക്‌ പിടികിട്ടുന്നേ ഇല്ല....പ്രണയം തുറന്നു പറയാതെ ഇരുന്നിട്ടു എന്തു കാര്യമാ ?ഉള്ളതു അങ്ങു തുറന്നു പറയണം..വരുന്നതു വരുന്നിടത്തു വെച്ചു കാണാം...അങ്ങനെ പ്രണയം തുറന്നു പറയാത്തവര്‍ പ്രണയം തുറന്നു പറയുന്ന ദിവസം ആണോ ഈ valentines day?


ചില്ലപ്പോള്‍ പ്രണയം എത്ര തുറന്നു പറഞ്ഞാലും അതു ആരും കേള്‍ക്കാതേ പോകും, കേള്‍ക്കാത്ത പോലെ അഭിനയിച്ചു ദൂരേ ഓടി മറയും...ഒരു തരം ഓളിച്ചൊട്ടം...നിന്നേ സ്നേഹിച്ച കുറ്റത്തിനു എന്തിനു ഇങ്ങനെ വേദനിപ്പിക്കുന്നു?ഞാന്‍ വൈകുന്നെരം ഒരു അഞ്ചു മണി ആയപ്പോള്‍ പുറപ്പെട്ടു...valentine day ഗിഫ്റ്റ്‌ വാങ്ങാന്‍ എന്റെ കൂട്ടുകാരിക്കു...ഭയെങ്കര ഒരു ത്രില്ലില്‍ ആയിരുന്നു...എന്തു വാങ്ങണം എന്ന ചിന്ത ആയിരുന്നു മുഴുവനും...മിക്ക കടകളിലും പതിവിലും തിരക്കു ഉണ്ടായിരുന്നു.....


അങ്ങനെ ഞാനും സാമാന്യം തിരക്കുള്ള ഒരു കടയില്‍ കയറി... നല്ല തിരക്കു ,എല്ലാവരും ഗിഫ്റ്റ്‌ ഒക്കെ വാങ്ങുന്ന തിരക്കില്‍ .....ആ തിരക്കു കണ്ടപ്പോള്‍ ഞാന്‍ അലൊചിച്ചു ഈ സിറ്റിയില്‍ എല്ലാവരും പ്രണയിക്കുന്നവര്‍ ആണെന്നു....

വലെന്റിനെ സ്പെഷല്‍ ഗിഫ്റ്റ്‌ ഒക്കെ ഉണ്ടയിരുന്നു അതൊക്കെ ഒരുതരം ആര്‍ഭാടം എന്ന പോലെ തോന്നി nasty pinky-red things at high prices...ഞാന്‍ ചുറ്റും നോക്കി ചിലര്‍ വലിയ കാര്‍ഡ്‌ വാങ്ങുനതു കണ്ടു ഒരു പെണ്ണു വലിയ ഒരു കാര്‍ഡ്‌ പൊക്കി നടക്കുന്നതു കണ്ടു...എന്തിനാ ഇപ്പോള്‍ ഇത്ര വലിയ ഗിഫ്റ്റ്‌ ഒക്കെ...പ്രണയം കാര്‍ഡ്‌ ന്റെ size ഇല്‍ ആണോ...
ചിലര്‍ chocolates വാങ്ങുന്നു...വിലപിടിച്ച watch..ചിലര്‍ക്കു വാങ്ങിയിട്ടും വാങ്ങിയിട്ടും മതിയാകാത്തതു പോലെ
ഏതിനും കാര്‍ഡ്‌ എന്ന ഒരു ശീലം ആയതു കൊണ്ട്‌ ഞാന്‍ കാര്‍ഡ്‌ സെക്ഷനിലെക്കു പോയി...
ഞാന്‍ ഓരൊ കാര്‍ഡ്‌ അയി എടുത്തു വായിക്ക്മ്പോല്‍ ആലൊച്ചികുകയായിരുന്നു..എന്താണു ഈ പ്രണയം....

പ്രണയം എന്നാല്‍ ഈ കാര്‍ഡ്‌ അല്ല വിലയേറിയ സമ്മാനപൊതികള്‍ അല്ല...
പ്രണയം എന്നാല്‍ ഒരു തരം അതിരുകവിഞ്ഞ ഇഷ്ടം ആണു ...
പരസ്പരം ഉള്ള വിശ്വാസം ആണു
ഒരു കാത്തിരുപ്പാണ്‌...
എന്നെങ്കിലും ഒരിക്കല്‍ എനിക്കായി വരുമെന്നു തികച്ചും ഉറപ്പുള്ള ഒരു കാത്തിരുപ്പ്‌

ഞാന്‍ ചുറ്റും നോക്കി സ്കൂളില്‍ പഠിക്കുന്ന പിള്ളെരും ഉണ്ട്‌ സമ്മാനപൊതികള്‍ വാങ്ങികൂട്ടാന്‍ കുറച്ചു നേരം അവരെ ഒക്കേ വായിനോക്കി നിന്നു എനിക്കു പിന്നേ എന്ത വാങ്ങണ്ടേ എന്നു ആകെ ഒരു confusion ആയി ഞാന്‍ മീരയേ വിളിച്ചു നോക്കി അവള്‍ക്കു എന്തെങ്കിലും ഐഡിയ ഉണ്ടോ എന്നറിയാന്‍...രക്ഷ ഇല്ലാ...switched off..ഞാന്‍ പിന്നെയും കാര്‍ഡിനായി തിരച്ചില്‍ തുടര്‍ന്നു അവസാനം ഒരു കാര്‍ഡ്‌ ഞാന്‍ എടുത്തു..സിമ്പിള്‍ എന്നു തോന്നി എന്നാല്‍ നല്ലതും
ഒരു plain white കാര്‍ഡ്‌ അതില്‍ ചുവന്ന അക്ഷരങ്ങളില്‍ to my valentine...അകത്തു ഒരു ചുമന്ന റോസാപ്പൂവിന്റെ പടവും
to my valentine with love എന്ന വാചകങ്ങളും....

പിന്നെയും എന്താണു വാങ്ങേണ്ടെ എന്നു ശെരിക്കും എനിക്കറിയില്ല..ഈ ഒരു ചെരിയ കാര്‍ഡ്‌ വാങ്ങാന്‍ തന്നെ 1 മണിക്കൂറില്‍ കൂടുതല്‍ ഞാന്‍ എടുത്തു....
ഞാന്‍ അവിടുന്നു ഇറങ്ങി...ബസ്സ്‌ സ്റ്റോപിലെക്കു നടന്നു...ബസ്‌ സ്റ്റൊപ്പിന്റെ sideല്‍ ആയി ഒരു പൂ കട അവിടെ ഇഷ്ടം പോലെ ചുവന്ന റോസാപൂക്കള്‍ വില്‍പനയ്ക്കു വെച്ചിരിക്കുന്നു...ഞാന്‍ പോയി അതില്‍ ഒരു bunch വാങ്ങി...ഒന്നു മണത്തു നോക്കി നല്ല പനിനീര്‍പ്പൂവിന്റെ മണം...ഇനി ഇതൊക്കെ തന്നെ ആണൊ വാങ്ങെണ്ടേ?അതൊ വില കൂടിയ എന്തെങ്കിലും ഒക്കെ ആയിരുന്നോ?എന്തായാലും എനിക്കിഷ്ടമുള്ളതു വാങ്ങാന്‍ അല്ലെ പറഞ്ഞെ....എനിക്കിതൊക്കെയാണു ഇഷ്ടം വാങ്ങി കൊടുക്കാന്‍...
ഞാന്‍ വീട്ടില്‍ എത്തുന്നതിനു തൊട്ടുമുമ്പു അവള്‍ എന്നെ വിളിച്ചു
അവളുടെ വീട്ടിലെക്കു ഒന്നു ഇറങ്ങാന്‍ ...ഞാന്‍ ഒരു ഓട്ടോ പിടിച്ചു അങ്ങൊട്ടെക്കു പോയി...കൈയോടെ ഇതു അവളെ ഏല്‍പ്പിക്കണം ഇനി ഇപ്പൊ ഞാന്‍ വെച്ചിട്ടു പൂ എങ്ങാനും വാടി പോയാലോ...

വാതില്‍ തുറന്നു അകത്തേക്കു കടന്നു....അടുകളയില്‍ നിന്നും തട്ടും മുട്ടും ഒക്കെ കെട്ടതു കൊണ്ട്‌ അങ്ങൊട്ടെക്കു വിട്ടു...പിന്നേ അവളെ പുരാണം complete പറഞ്ഞു കേള്‍പ്പിച്ചു...എന്നിട്ടു അവള്‍ക്കു ഗിഫ്റ്റ്‌ കൊടുത്തു
"ഇതെന്തിനാ എനിക്കു?"അവളുടെ മുഖത്തു അത്ഭുതം
നീ അല്ലെ വാങ്ങാന്‍ പറഞ്ഞെ?
അവള്‍ടേ വൃത്തികെട്ട ചിരി കണ്ടപ്പോള്‍ എനിക്കു കാര്യം മനസിലായി
"ഒന്നു തിരിഞ്ഞു നോക്കിയേ"
ആ ശബ്ദം കേട്ടതും എനിക്കു തോന്നി ഞാന്‍ ഈ ലോകത്തില്‍ നിന്നും ഉടലോടെ സ്വര്‍ഗത്തില്‍ എത്തി എന്നു....
തിരിഞ്ഞു നോക്കിയതും ഞാന്‍ കണ്ടു... നന്ദന്‍
എപ്പോഴോ തുടങ്ങിയ ഒരു പ്രണയം...എന്റെ മാത്രം ഒരു നിശബ്ദ പ്രണയം...എപ്പൊഴോ ഒരിക്കല്‍ മീരയൊടു ഞാന്‍ പറഞ്ഞിട്ടുണ്ട്‌ നന്ദനേ പറ്റി....പക്ഷെ അതു ഇങ്ങനെ വന്നെത്തും എന്നു ഞാന്‍ പ്രതീക്ഷിച്ചില്ല...
ഞാന്‍ വാങ്ങിയ valentine ഗിഫ്റ്റ്‌ ഒരു ചിരിയൊടെ അവന്‍ നോക്കി...നന്ദനു അതു ഇഷ്ടപെട്ടു... എനിക്കറിയാം ... ;)

എങ്ങനെ ഉണ്ട്‌ പ്ലാന്‍ എന്നു ആദിത്യ വന്നു ചോദിച്ചപ്പോല്‍ എനിക്ക്‌ മനസ്സിലായി മീരയുടെയും ആദിയുടെയും ശ്രമം ആണു അതെന്നു..അങ്ങനെ നമ്മള്‍ നാലു പേരും കൂടി ആ സായഹ്നം ആഘോഷിച്ചു...
.അന്നു വൈകുന്നെരം നന്ദന്റെ കൈകളും പിടിച്ചു നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചു...ഇതാണു പ്രണയം...
*^*^*^*^*^*^*^*^*^*^^*^*^*^*^*^*

എന്റെ കണ്ണുകള്‍ നിന്നേ ആയിരുന്നു തേടിയിരുന്നതു
തിങ്ങി നിറഞ്ഞ ക്യാമ്പസ്‌ വരാന്തകളില്‍
ഒഴിഞ്ഞ ക്ലാസ്സ്‌ മുറികളില്‍..ഞാന്‍ ആരെയോ തേടിയിരുന്നു
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും
എനിക്കു പ്രണയിക്കണം
പ്രണയതിന്റെ എല്ലാ അര്‍ത്ഥവും ഉള്‍കൊണ്ടു തന്നെ

ഒരാളെ ജീവനെക്കാള്‍ സ്നേഹിക്കാന്‍ ജീവന്‍ തന്നെ കൊടുക്കാന്‍
കണ്ണും പൂട്ടി വിശ്വസിക്കാന്‍ എനിക്കു പ്രണയിക്കണം....
കൊച്ചു കൊച്ചു സന്തോഷങ്ങള്‍ പങ്കിടാന്‍
ദുഖങ്ങളില്‍ താങ്ങായി നില്‍ക്കാന്‍
നിന്റെ തമാശകളില്‍ ഉറക്കെ ചിരിക്കാന്‍ നിന്റെ ദുഖങ്ങളില്‍ ഒന്നു കരയാന്‍
നീ ഒഴിഞ്ഞു പോകുമ്പോഴും എന്നിലെക്കു തന്നെ ചേര്‍ത്തു പിടിച്ചു നിര്‍ത്താനും എനിക്കു പ്രണയിക്കണം
എന്നും കണ്ണോടു കണ്ണു നോക്കി ഇരിക്കാനും
ഒന്നിച്ചിരുന്നു ഒരു ചൂടു കപ്പ്‌ കാപ്പി അസ്വദിച്ചു കൊണ്ട്‌ നിര്‍ത്താതെ സംസാരിക്കാനും
മഴയത്തു ഒന്നിച്ചു നനയാനും
വെയിലത്തു ചിത്രശലഭങ്ങളെ പോലെ പറക്കാനും
ലോകം മുഴുവനും ചുറ്റി അടിക്കാനും
എന്നെന്നും ഓര്‍മ്മിക്കാന്‍
മറവിയുടെ അദ്ധ്യായങ്ങളില്‍ ഒരിക്കലും മറയാതേ ഇരിക്കാന്‍ എനിക്കു പ്രണയിക്കണം


പ്രണയത്തിന്റെ ഭാഷയില്‍ നിനക്കായി മാത്രം ഞാന്‍ എഴുതുന്ന ഒരു പ്രണയലേഖനം


^~*happy valentines day *~^ :D

Tuesday, January 6, 2009

തുടക്കം..!

എത്ര നാള്‍ ആയി ഞാന്‍ എന്തെങ്കിലും ഒക്കെ എഴുതിയിട്ടു,എനിക്കു ഒരുപാട്‌ എന്തൊക്കെയോ എഴുതണം..നിന്നേ പറ്റി എന്നേ പറ്റി ആരും ഒരിക്കലും വായിച്ചിട്ടില്ലാത്ത അറിയാത്ത ഒരുപാട്‌ കഥകള്‍...!പണ്ടു ഒരോ കഥ എഴുതിയിട്ടും ഞാന്‍ കാത്തിരിക്കും ആരും കാണാതേ ആണെങ്കിലും നീ വരും എന്നു എനിക്കു ഉറപ്പായിരുന്നു വന്നു ഇതൊക്കെ വായിക്കുമായിരുന്നു...പക്ഷെ ഇപ്പോള്‍...!!!
എല്ലാം എപ്പോഴോ മാറി...കാലം തെറ്റി വന്ന ആ മഴയില്‍ ഒരുപാട്‌ നഷ്ടങ്ങള്‍...നീയും ഒരുപാടു മാറി എന്നില്‍ നിന്നും അകന്നു..എപ്പോഴാണ്‌ എല്ലാം മാറിയത്‌...?!
ഞാന്‍ ഇന്നും രാത്രിയില്‍ ആകാശത്തേക്കു നോക്കി ഇരിക്കും...നീ പറഞ്ഞതു പോലെ നക്ഷ്ടങ്ങളെയും നോക്കി ..എത്ര ദൂരേ ആണെങ്കിലും എന്നും നോക്കണം എന്നു നീ പറഞ്ഞിട്ടുണ്ടു...ഇന്നു നീ എവിടെ ആണെന്നൊന്നും എനിക്കറിയില്ല...ആകാശത്തേക്കു എപ്പൊഴെങ്കിലും നീ നോക്കുമ്പോള്‍ ഈ നക്ഷത്രങ്ങളെ കാണും അന്നു നീ എന്നേ ഓര്‍മ്മിക്കും..അല്ലെ?
ഇന്നലെ വരുന്ന വഴി ഞാന്‍ മഴ നനഞ്ഞു..മഴയിലെ ഒരൊ തുള്ളിയിലും എനിക്കു നിന്നേ ഓര്‍മ്മ വന്നു..മഴയേയും മഴയത്തു നനയാനും നിനക്ക്‌ ഒരുപാട്‌ ഇഷ്ടമായിരുന്നു..മഴയത്തു നനയുന്ന നിന്നേ നോക്കി ഞാന്‍ നിന്നിട്ടുണ്ട്‌..അന്നു നീ പറഞ്ഞു മഴയെന്നാല്‍ ഒരു സുഖമാണെന്നു...ഇന്നു ഈ മഴ നനയുമ്പോള്‍ ആകേ ഒരു തണുപ്പ്‌ മനസ്സിലേ മുറിവികളിലെക്കു മഴതുള്ളികള്‍ അലിഞ്ഞു ചേരുന്നു മുറിവുകളിലെക്കു അതു ഊഴുന്നിറങ്ങി ഒരു വിഷത്തേ പോലെ നീറ്റുന്നു ..മഴ എന്നേ വേദനിപ്പികുന്നു ഒരൊ തുള്ളിയും !
നിന്റെ നിഴലിനേ പോലും ഞാന്‍ പിന്തുടര്‍ന്നിരുന്നു എന്നിട്ടും ഇന്നു എന്റെ പ്രണയത്തിനു ഒരു അര്‍ത്ഥവും ഇല്ല....
ഒരു ക്രിസ്മസ്സ്‌ രാത്രിയില്‍ പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുമ്പോള്‍ നമ്മള്‍ എല്ലാവരുടെയും കണ്ണുവെട്ടിച്ചു അവിടുന്നു ചാടി...നിന്റെ കൈയ്യും പിടിച്ചു ഇരുട്ടിന്റെ വഴിയിലൂടെ ഞാന്‍ ഓടി...അന്നും മഴ പെയ്യുന്നുണ്ടായിരുന്നു...മഴയത്തു നമ്മള്‍ കഫെയിലേ ചൂടു കാപ്പി കുടിച്ചു, കണ്ണൊടു കണ്ണു നോക്കി സ്വപ്നങ്ങള്‍ നെയ്തു..ഒരു നോട്ടം ഒരു സ്പര്‍ഷം ഒരു ചുടുചുംബനം...എല്ലാം എല്ലാം ഒരു സ്വപ്നം എന്ന പോലെ കടന്നു പോയി..ആ ഇരുട്ടു നിറഞ്ഞ വഴിയിലൂടെ നിന്റെ കൈയ്യും പിടിച്ചു നടക്കുമ്പോള്‍ ഒന്നും ഒരു ഇരുട്ടിനെയും എനിക്കു ഭയം ഇല്ലായിരുന്നു...

ഇന്നു ഞാന്‍ മനസ്സു കൊണ്ട്‌ കരയുമ്പൊഴും എല്ലാവര്‍ക്കും മുന്നില്‍ ചിരിക്കുന്നു...ഒന്നും ഓര്‍മ്മയില്‍ പോലും ഇല്ലാത്ത പോലത്തേ ഒരു തരം അഭിനയമായി എന്റെ ജീവിതം... എല്ലാം നീ എത്ര പെട്ടെന്നു മറന്നുവോ എന്നു ഞാന്‍ അതിശയിച്ചിട്ടുണ്ട്‌...താഴിട്ടു പൂട്ടി ഉറപ്പിച്ച വാതിലിനു മുന്നില്‍ ഇന്നും ഞാന്‍ പ്രതീക്ഷയൊടു കൂടി നോക്കി നില്‍ക്കുന്നു എന്തിനെന്നു അറിയാതേ
കാലമായി മേഘമായി വസന്തമായി ഋീതുവായി മോഹമായി ദാഹമായി അണയാത്ത തീയായി ഒരു സ്വപ്നമായി എന്റെ കഥകളായി എന്റെ വരികളായി എന്റെ ദുഖമായി എന്റെ പ്രണയമായി എന്റെ കണ്ണുനീരിന്റെ ഒരോ തുള്ളിയായി നീ എന്നും എന്നും എന്നില്‍ ജീവിച്ചു ..പക്ഷേ...ഇനി നീ പോയേ പറ്റൂ..എവിടെയെങ്കിലും നീ പോകണം നിന്റെ ഒരു ഓര്‍മ്മയും എനിക്കു വേണ്ട ..കൊട്ടി അടയ്ക്കപെട്ട വാതിലിന്നു മുന്നില്‍ കാത്തുനിന്നു മതിയായി നിന്റെ സ്നേഹം നിറഞ്ഞ ഒരു നോക്കിനായി വാക്കിനായി കാത്തിരുന്നു ഞാന്‍ ഞാന്‍ അല്ലതായി മാറി...!

നമ്മുടെ കഥയുടെ അവസാനം...പല കഥകളുടെയും തുടക്കം..!
ഞാന്‍ വീണ്ടും ഇതാ എഴുതുന്നു......
______________________~*~~*~*~*~*~*~*~*~*~*~I______________________________________________
ഹൊ എന്റെ ഒരോ എഴുത്തേ :P

Saturday, December 20, 2008

ഓര്‍മ്മകള്‍

എല്ലാം ഓര്‍മ്മകള്‍ ആയി മാറുന്നു ...വേനലില്‍ പെയ്യുന്ന ഒരു മഴ, മണ്ണിന്റെ ആ സുഗന്ധം അതൊക്കെ എന്തു നല്ല ഓര്‍മ്മകള്‍ ആണ്‌!ആ മഴയേ നോക്കി എത്ര നേരം നിന്നിട്ടുണ്ട്‌ എത്ര കവിതകള്‍ എഴുതി എത്ര സ്വപ്നം കണ്ടു....

അംബരചുംബികളായ ഈ കെട്ടിടങ്ങള്‍ ഞാന്‍ ചിലപ്പോള്‍ നോക്കി നില്‍ക്കാറുണ്ട്‌ ഞാന്‍ പണ്ട്‌ കണ്ട സ്വപ്നഗോപുരങ്ങളുടെ അത്രയും ഉയരം അതിനുണ്ടോ എന്നറിയാന്‍

തിരക്കില്‍ പെട്ടു അലയുമ്പോള്‍ ഞാന്‍ കടന്നുപോകുന്നവരുടെ മുഖങ്ങള്‍ നോക്കും പരിചിതമായ ആരെയെങ്കിലും കണ്ടാലോ

കൊച്ചുകുട്ടികള്‍ കൂട്ടം കൂടി കളിക്കുന്നതു എന്നും വൈകുന്നേരം പാര്‍ക്കില്‍ ചെന്നിരുന്നു നോക്കും...എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ബാല്യം...തിരക്കുകള്‍ക്കിടയില്‍ അതും ഒരു ഓര്‍മ്മ ആയി

അമ്മയുടെ അടുത്തു ചേര്‍ന്നിരുന്നു കൊഞ്ചുന്ന കുട്ടികളെ കാണുമ്പോള്‍ എനിക്കു അസൂയ തോന്നും....അച്ഛനൊടു കടയില്‍ വെച്ചു അതു വേണം ഇതു വേണം എന്നു വാശി പിടിക്കുന്ന കുട്ടികളെ കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയും....ഒന്നും കൂടി ഒരു കൊച്ചു കുട്ടിയായി മാറാന്‍ ആഗ്രഹിക്കും

ജീവിതത്തിന്റെ തിരക്കുകളിലൂടെ കടന്നു പോകുമ്പോഴും ഇന്നലെകളുടെ ആ ഓര്‍മ്മകളിലൂടെ ഒഴുകി നടക്കാന്‍ ആണു എനിക്കു ഇഷ്ടം...ഇന്നും ഇവിടെ മഴ പെയ്യുമ്പോള്‍ ഞാന്‍ മനസ്സുകൊണ്ട്‌ എന്റെ പ്രിയ്യപ്പെട്ടവരുടെ അരികിലേക്ക്‌ പോകും...ചിലപ്പൊഴൊക്കെ മതിമറന്നു ഈ മഴയേ നോക്കി നില്‍ക്കാറുണ്ട്‌ ..

മഴയെ പോലെ നല്ലൊരു കവിത ,ഒരു സ്വപ്നം, സ്നേഹതിന്റെ ഏതെങ്കിലും ഒരു ഭാവം ,ചിലപ്പൊഴൊകേ ഭീകരമായി വേട്ടയാടുന്ന ഈ ഏകാന്തത ,ഭംഗിയുള്ള ഒരു പൂവ്‌ ,ചിലരുടെ മുഖം ,സംസാരം എല്ലാത്തിലും നഷ്ടപ്പെട്ട ആരേ ഒക്കെയൊ ,നഷ്ടപ്പെട്ട നിമിഷങ്ങളും ഓര്‍മ്മ വരും...!

ഓര്‍മ്മകളിലൂടെ പോകുമ്പോള്‍ എപ്പോഴോ ഞാന്‍ വീണ്ടും ഒരു കൊച്ചു കുട്ടിയായി മാറുന്നതു പോലെ...ഞാന്‍ തൊടുന്നതും കാണുന്നതും ഒക്കെ എനിക്കു സൂക്ഷിച്ചു വെയ്ക്കണം...ഇപ്പൊഴെങ്കിലും ഞാന്‍ എന്റെ ജീവിതത്തിന്റെ ഈ സൗന്ദര്യത്തേ മനസ്സിലാക്കിയില്ലെങ്കില്‍...ചിലപ്പോള്‍ എനിക്കു ഒന്നും ഒന്നും നേടാന്‍ കഴിയാതേ പോകും..ഓര്‍മ്മകള്‍ എന്റെ കൈയത്തും ദൂരത്തും നിന്നും പറന്നകലും

ഓര്‍മ്മകള്‍ എനിക്കു വേണം...എല്ലാം ഞാന്‍ എന്റെ ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കും...ഒരു നാള്‍ ഞാന്‍ അതു തുറക്കുമ്പോള്‍ എന്നേ ആ ഓര്‍മ്മകള്‍ പൊതിയണം...ആര്‍ക്കും എത്താന്‍ കഴിയാത്ത ..എന്റെ മാത്രം ഓര്‍മ്മകള്‍..!

അജ്ഞാതമായ വഴികളിലൂടെ അപരിചിതര്‍ക്കിടയില്‍ ഒരു അപരിചിത മാത്രമായി മാറുമ്പോള്‍ ഈ ഓര്‍മ്മകള്‍ എനിക്ക്‌ ജീവശ്വാസം ഏകുന്നു ...

Thursday, October 23, 2008

അമ്മയെ കാണാന്‍

പുറത്ത്‌ നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.കോരിചൊരിയുന്ന മഴ.എന്നാലും മീരയ്ക്ക്‌ ഉറക്കം വന്നില്ല.കണ്ണുകള്‍ തുറന്ന് ഇരുട്ടിലേക്ക്‌ നോക്കി കിടന്നു.ഇടയ്ക്ക്‌ മിന്നിയപ്പോള്‍ ആ വെളിച്ചം ഇരുട്ടിനെ മുറിച്ച്‌ കണ്ണുകളിലേക്കു പതിക്കുന്നുണ്ടായിരുന്നു.ഉത്തരം കിട്ടാത്ത ചോദ്യങ്ങല്‍ മനസ്സിനെ മുറിപ്പെടുത്തികൊണ്ടെ ഇരുന്നു.ചിലപ്പോള്‍ ചിലരുടെ വാക്കുകള്‍ വിഷമിപ്പിച്ചു കളയും മീര ആലൊചിച്ചു ...എന്തിനാകും അമ്മാവന്‍ അങ്ങനെ പറഞ്ഞത്‌?
ചിന്തകളെ വഴിതെറ്റിച്ച്‌ വിടാന്‍ എന്ന പോലെ അപ്പുറത്ത്‌ നിന്നും മുത്തശ്ശിയുടെ ചുമയുടെ ശബ്ദം .വീണ്ടും ചിന്തകളിലൂടെ മനസ്സ്‌ അലയാന്‍ തുടങ്ങി..എത്ര നാളായി ഞാന്‍ എന്നൊട്‌ തന്നെ ആ ചോദ്യം ചോദിക്കുന്നു.ഇന്നു അമ്മാവന്‍ മുത്തശ്ശിയോടു അത്‌ ചോദിച്ചപ്പോള്‍ കണ്ണുകള്‍ ഒപ്പി മുത്തശ്ശി അകത്തെയ്ക്ക്‌ മറയുന്നത്‌ മീര കണ്ടു.അമ്മാവന്‍ അപ്പോള്‍ തന്നെ പോകുകയും ചെയ്തു..അപ്പോള്‍ തൊട്ട്‌ മീരയെ ആ ചോദ്യം അലട്ടുന്നു
മീര കിടക്കയില്‍ നിന്നും എണീറ്റ്‌ വാതില്‍ തുറന്ന് പുറത്തിറങ്ങി,മുത്തശ്ശിയുടെ മുറിയില്‍ നോക്കിയപ്പോള്‍ മുത്തശ്ശി നല്ല ഉറക്കം,മീരയ്ക്കു ഉറക്കം വരുന്നില്ല,കണ്ണ്‍ അടയ്ക്കുമ്പോള്‍ കാണുന്നതെല്ലാം വേണ്ടാത്ത സ്വപ്നങ്ങള്‍
‍ഇരുട്ടിനെയും കൂട്ടുപിടിച്ച്‌ ജനാലയിലുടെ മഴയും നോക്കി മീര ഇരുന്നു,മനസ്സ്‌ ഉരുവിട്ടുകൊണ്ടേ ഇരുന്നു ആ ചോദ്യം "എവിടെയാണ്‌ എന്റെ അമ്മ?"
കുട്ടി ആയിരുന്നപ്പോള്‍ തൊട്ട്‌ ആരു ചോദിച്ചാലും മീര അതിന്‌ ഉത്തരം പറഞ്ഞിട്ടില്ല.പറയാന്‍ അറിയില്ലായിരുന്നു.അത്‌ മനസ്സിലാക്കി എന്ന വണ്ണം മുത്തശ്ശി അതിനു ഉത്തരം പറയും.
സ്നേഹത്തോടെ ചോദ്യങ്ങള്‍ ഇങ്ങനെ പോകും
"മോള്‍ടെ അച്ഛന്‍ എവിടെ?"
മീര തല കുനിച്ച്‌ മൗനം പാലിക്കും
"അമ്മയോ?"ഒന്നും മിണ്ടില്ല.
കരച്ചിലിന്റെ വക്കില്‍ നിന്നും എപ്പോഴും മുത്തശ്ശി രക്ഷിക്കും
"ഇവള്‍ക്ക്‌ രണ്ട്‌ വയസ്സ്‌ ഉള്ളപ്പോള്‍ ബാലന്‍ പോയി"
പിന്നെ അവര്‍ ഒന്നും ചോദിക്കില്ലമീരയുടെ മനസ്സ്‌ വിതുമ്പുകയാവും അപ്പോ..എല്ലായിടത്തും അച്ഛനും അമ്മയും ആയി സമപ്രായക്കാര്‍ വരുമ്പോള്‍ മീര മുത്തശ്ശിയുടെ വിരലില്‍ തൂങ്ങി വരും..വിതുമ്പുന്ന കണ്ണുകളെ ഒരിക്കലും മീര കരയാന്‍ വിട്ടിട്ടില്ല ..എന്നും അച്ഛനും അമ്മയും മീരയ്ക്കു മുത്തശ്ശിയാണ്‌.മുത്തശ്ശി തന്നെ എപ്പൊഴും അത്‌ പറയും
തളര്‍ന്നു വീണ എല്ലായിടത്തും മീരയ്ക്കു എന്നും തങ്ങായി തണലായി ഉണ്ടായിരുന്നത്‌ മുത്തശ്ശി മാത്രം..അനാഥത്ത്വം എല്ലാ തീക്ഷണതയൊടും കൂടി മീരയെ വേട്ടയാടുമ്പോഴും.. അമ്മയായും അച്ഛനായും സ്നേഹിക്കാനും രണ്ടു കരങ്ങളും നീട്ടി മാറോടണയ്ക്കാന്‍ മുത്തശ്ശി ഉണ്ടായിരുന്നു....ഇനി അമ്മയെയും അച്ഛനെയും പറ്റി അന്വേഷിക്കില്ല എന്നു തന്നെ തീരുമാനിച്ചതാണ്‌.............എന്നാലും എവിടെയൊ ഉണ്ടെന്നു കേട്ടപ്പോള്‍ മനസ്സിനു ഒരു ചാഞ്ചാട്ടം ഒന്നു കാണണം എന്ന തോന്നല്‍...വെറുതേ.. വെറുതേ...
സ്വയം പരിചയെപ്പെടുത്തുമ്പോള്‍ എപ്പോഴും ഉത്തരങ്ങള്‍ ഇല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്‌...ഇനി അമ്മ എവിടെയെങ്കിലും ജീവിച്ചിരുപ്പുണ്ടെങ്കില്‍ ചെന്നു കണ്ടാല്‍ എങ്കിലും തനിക്ക്‌ തിരിച്ച്‌ കിട്ടിയാലോ....രാത്രീ ഉറങ്ങാതേ ചോദ്യങ്ങളിലൂടെ കടന്നു പോയി...
രാവിലെ മുത്തശ്ശി ചായ ഇട്ടു തന്നത്‌ കയ്യില്‍ വാങ്ങി ഇരുന്നപ്പോഴും മനസിലുള്ളത്‌ അങ്ങു ചോദിക്കാന്‍ വാക്കുകള്‍ കിട്ടാത്തത്‌ പോലെ തോന്നി..അവസാനം മീര അതു പറഞ്ഞു
"മുത്തശ്ശി എനിക്കു അമ്മയെ ഒന്നു കാണണം"
അതു കേട്ടതും അവര്‍ ഒന്നു ഞെട്ടി എന്നാലും കേള്‍ക്കാത്തത്‌ പോലെ അവര്‍ അടുപ്പില്‍ തീ കൂട്ടി നിന്നു
"അമ്മ ഇവിടെ എവിടെയൊ ഉണ്ടെന്നു അമ്മാവന്‍ പറഞ്ഞെല്ലൊ,ഞാന്‍ ഇന്നെ വരെ ചോദിച്ചിട്ടില്ലല്ലോ"
മുത്തശ്ശി ശ്രദ്ധിക്കാതെ നില്‍ക്കുന്നത്‌ കണ്ടിട്ട്‌ മീര അവിടെ നിന്നും പോയി
(ശരിയാണ്‌ മീര എന്നായാലും അറിയേണ്ടതാണ്‌.മീരയേ ഒന്നു കൊണ്ട്‌ പോയികാണിക്കണം)
അവര്‍ വേച്ചു വേച്ചു നടന്നു ചെന്നു നോക്കിയപ്പോള്‍ വെളിയില്‍ തിണ്ണയില്‍ പോയി മീര പിണങ്ങി ഇരിക്കുന്നു
അവര്‍ മീരയുടെ അടുത്തു പോയി ഇരുന്നു.
"എന്റെ മോള്‍ ഇത്രയും നാള്‍ ചോദിച്ചിട്ടില്ലാ ,ഞാന്‍ പറഞ്ഞിട്ടും ഇല്ല..ഇന്നു നിനക്ക്‌ എല്ലാം മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള പ്രായവും പക്വതയും ആയി.നിനക്ക്‌ ഓര്‍മ്മയുണ്ടൊ എന്നെനിക്കറിയില്ല നിന്നെ കാണാന്‍ അവള്‍ വന്നിട്ടുണ്ട്‌ ഒരിക്കല്‍ ,ശങ്കരന്റെ മോള്‍ടേ കല്യാണത്തിനു,ഒന്നു കണ്ടു അവള്‍ പോയി"
(മീരയ്ക്കു ഓര്‍മ്മ ഉണ്ട്‌ ,ദുരേ നിന്നും മീരയേ മാത്രമായി നോക്കിയ ആ കണ്ണുകള്‍ ....മീരയും ഒന്നു നോക്കി കുറച്ചുകഴിഞ്ഞപ്പോള്‍ അടുത്തെയ്ക്ക്‌ വന്നു എന്നിട്ട്‌ കാതില്‍ പറഞ്ഞു
"ഞാന്‍ നിന്റെ അമ്മയാണു മോളെ"
ഒന്നു ഉമ്മവെച്ചു,മീര കുതറി ഓടി മുത്തശ്ശിയുടെ അടുത്തേക്ക്‌ പോയി...അവര്‍ തിരക്കില്‍ എവിടെയൊ മറഞ്ഞു,മീര നോക്കിയില്ല അന്വേഷിച്ചും ഇല്ല,അന്നു അവര്‍ ആരെന്നു മനസ്സിലായതും ഇല്ല....
എന്നാലും അമ്മ ആയിരുന്നെങ്കില്‍ എന്നേ വിട്ടിട്ടു പോയതു എന്തിനു? )
മിഴികളുടെ വശത്തു കൂടി തന്നെ തോല്‍പ്പിക്കാന്‍ എന്ന വണ്ണം കണ്ണുനീരൊഴുകാന്‍ തുടങ്ങി മുത്തശ്ശി കാണാതേ തന്നെ അതു തുടച്ചു
"മോളെ മീരേ നമ്മുക്ക്‌ ഇന്നു അവിടം വരെ ഒന്നു പോകാം"
മീര മുത്തശ്ശിയുടെ മടിയിലേക്കു ചാഞ്ഞു
"പക്ഷെ മോളെ നിന്റേ അമ്മയ്ക്ക്‌ ഇന്നു ഒരു കുടുംബം ഉണ്ട്‌ മക്കള്‍ ഉണ്ട്‌ നമ്മുക്ക്‌ അവിടെ പോകാം,അവളെ കാണാം എന്നിട്ടു മടങ്ങാം"
മീരയ്ക്കു എന്തോ സഹിക്കന്‍ പറ്റാത്ത എന്തോ ഒന്നു കെട്ടതു പോലെ മനസ്സു വേദനിച്ചു
"എന്റെ മോള്‍ അമ്മയെ കാണുക മാത്രം മതി.... അതു മാത്രം മതി"
കണ്ണുകള്‍ ഒപ്പി അവര്‍ മീരയുടെ മുടിയിഴകളിലുടെ വിരലുകള്‍ ഓടിച്ചു
മീര മനസ്സില്‍ പര്‍ഞ്ഞു
"ഇത്ര വര്‍ഷമായി,22 വര്‍ഷത്തോളം,എനിക്ക്‌ ഒന്നു കണ്ടാല്‍ മാത്രം മതി"


ഉച്ച കഴിഞ്ഞ്‌ മീരയും മുത്തശ്ശിയും ഇറങ്ങി....ബസ്സ്‌ കയറി ഒരുപാട്‌ കിലോമീറ്റര്‍ സഞ്ചരിച്ചു ഊടുവഴികളിലൂടെ നടന്ന് അവര്‍ എത്തി ഒരു മൂന്നാള്‍ പൊക്കമുള്ള ഗേറ്റ്‌ ന്നു മുന്നില്‍.ഗേറ്റ്‌ തുറന്ന് അകത്ത്‌ കടന്നപ്പോള്‍ വാതില്‍ക്കല്‍ ഒരു പയ്യന്‍ നില്‍ക്കുന്നു ...നടന്നുവരുന്നവരെ നോക്കി അവന്‍ ചോദിച്ചു
"ആരാ?എന്ത്‌ വേണം?"
"ഞങ്ങള്‍ ലക്ഷ്മിയെ ഒന്ന് കാണാന്‍ ..."
"ഹ്മ്മ് അവിടെ നിന്നോ ഞാന്‍ വിളിക്കന്‍ അമ്മയെ"
മീര ചുറ്റും നോക്കി വലിയ ഒരു വീട്‌ അമ്മാവന്റെ ഒക്കേ വീട്‌ പോലെ... മീരയുടെ പോലതേ ഓട്‌ ഇട്ട വീടല്ലാ.ഒരുപാട്‌ മുറ്റവും ഒക്കെ ഉള്ള വലിയ ഒരു വീട്‌.ചുറ്റും നോക്കി നിന്നപ്പോള്‍ അകത്ത്‌ നിന്നും അതാ ഒരു സ്ത്രീ രൂപം...അവരെ കണ്ടതും മുഖത്ത്‌ ഒരു ദുഖം നിഴലിച്ചു എന്നാല്‍ പോലും അവര്‍ സുന്ദരി ആയിരുന്നു.സാരി ഉടുത്ത്‌.... നെറുകയില്‍ കുങ്കുമം....നെറ്റിയില്‍ വലിയ ഒരു പൊട്ട്‌
മീര മനസ്സില്‍ അലോചിച്ചു (എന്റേ അമ്മ !)
ഹൃദയ തുടിപ്പ്‌ കൂടുന്നത്‌ പോലെ തോന്നി
((എത്ര ജന്മം ഞാന്‍ കാത്തുനില്‍ക്കണം
എന്‍ അമ്മ തന്‍ മുഖം ഒന്നു കാണാന്‍
‍എത്ര നാള്‍ ഞാന്‍ വ്രതം നോല്‍ക്കണം
ആ കരസ്പര്‍ശം ഒന്നു ഏല്‍ക്കാനായി))
അവര്‍ വന്നു മുത്തശ്ശിയെ മാത്രം നോക്കി ചിരിച്ചു അവരെ അകത്തേക്കു ക്ഷണിച്ചു.അകത്തേ ഹാള്‍ മുറിയില്‍ ഒരു പെണ്‍കുട്ടി ടി വി കണ്ട്‌ ഇരുപ്പുണ്ട്‌ ("അമ്മയുടെ മകള്‍ ആകും.പുറത്ത്‌ കണ്ടത്‌ മകനും")മീര ഓര്‍ത്തു
അകത്ത്‌ ഊണ്‍ മേശയുടെ കസെര വലിച്ചിട്ടു തന്നു .അവിടെ ഇരുന്നു.മുത്തശ്ശിയോട്‌ മാത്രമായി സുഖാന്വേഷണങ്ങള്‍...ഒന്നു നോക്കുക പോലും ചെയ്തില്ല മീരയേ.....എന്നാലും മീര നോക്കി കണ്‍ നിറയെ നോക്കി അമ്മയെ
("അമ്മയ്ക്കു എന്നേ മനസ്സിലായില്ലേ ?അതോ മറന്നോ?)
[സ്വന്തം ജീവന്റെ തന്നെ ഭാഗമായി ഈ ഭൂമിയിലെക്ക്‌ വന്ന ഞാന്‍ ഈ ഭൂമിയില്‍ ജീവിച്ചിരുപ്പുണ്ടെന്ന് അമ്മ ചിലപ്പോള്‍ മറന്നു കാണും]
അവര്‍ കൊണ്ട്‌ വെച്ച ചായയും പലഹാരങ്ങളും നോക്കി ഇരുന്നു ഒന്നും തൊട്ടില്ല
പോകാന്‍ നേരം മുത്തശ്ശി പറഞ്ഞു
"ലക്ഷ്മി ഇവളെ നിനക്ക്‌ മനസ്സിലായോ?"
അവര്‍ തലകുനിച്ച്‌ നിന്നു
"ജീവിചിരിപ്പുണ്ടൊ എന്നു നീ അന്വേഷിച്ചിട്ടില്ല"
അവര്‍ പിന്നെയും ഒന്നും മിണ്ടിയില്ല
"ഞങ്ങള്‍ ഈ നാട്‌ വിടുകയാ.മീരയ്ക്ക്‌ അങ്ങ്‌ വടക്ക്‌ ഒരു ജോലി കിട്ടി,ഞാനും അവളും പോകുവാ."
മുത്തശ്ശി ഒന്നു നോക്കി അപ്പൊഴും അവര്‍ ഒന്നു മിണ്ടാതേ നിന്നു
മീര ഒന്നു നൊക്കി അമ്മയേ, ഒന്നും മിണ്ടാതേ എല്ലാതിനും മൗനം ഉത്തരം എന്ന പോലെ
(എന്റെ അമ്മ എന്റെ മുഖത്തേക്കു പോലും നോക്കുന്നില്ല ഞാന്‍ എത്ര മാത്രം ശാപങ്ങള്‍ പേറിയാണൊ ജനിച്ചു വീണത്‌?)
മുത്തശ്ശി യാത്ര പറഞ്ഞു
"ശരി ലക്ഷ്മിയേ ഞങ്ങള്‍ ഇറങ്ങുവാ"
മീരയുടെ കയ്യും പിടിച്ച്‌ മുത്തശ്ശി നടന്നു...പുറത്ത്‌ ഇറങ്ങിയത്തും ലക്ഷ്മിയുടെ മകള്‍ അകത്ത്‌ നിന്നും ഓടി വന്നു...അമ്മയുടെ അരിക്‌ ചേര്‍ന്നു നിന്നു...അത്‌ കണ്ട്‌ മീര ആലോചിച്ചു
~അമ്മയുടെ ഭാഗ്യം ഉള്ള മകള്‍~
ഉടന്‍ ആ പെണ്‍കുട്ടി ചോദിച്ചു
"ആരാ അമ്മേ ഇവര്‍?"
ഉത്തരം ഇല്ലാത്തത്‌ പോലെ അവര്‍ അമ്പരന്നു നിന്നു
ആ പെണ്‍കുട്ടി വീണ്ടും ചോദ്യം ആവര്‍ത്തിച്ചു,ഒരുപാട്‌ ആലോചിച്ചിട്ടെന്ന പോലെ അവര്‍ പറഞ്ഞു
"മോളെ ഇതു എന്റെ ബന്ധുക്കളാ"
ചോദ്യത്തിന്റെ ഉത്തരം കിട്ടിയപ്പോള്‍ അവള്‍ മീരയെയും മുത്തശ്ശിയെയും നോക്കി ഒന്നു ചിരിച്ചുമീരയുടെ കണ്ണുകള്‍ നിറഞ്ഞു...
(എന്റെ അമ്മ എന്നേ ഒരു ബന്ധു ആയെങ്കിലും കരുതിയെല്ലോ..സന്തോഷമായി)

മീര അമ്മയുടെ അടുത്തേക്ക്‌ നടന്നു...മുത്തശ്ശി മീരയുടെ ആ പോക്ക്‌ കണ്ടൊന്നു അമ്പരന്നു വേണ്ടാത്തതു വലതും മീര വിളിച്ചു പറയുമോ?മീര ചിരിച്ചുകൊണ്ട്‌ അവരുടെ അടുത്ത്‌ എത്തി.....
അമ്മയെ നോക്കി... നിറകണ്ണുകളോടെ..അമ്മയുടെ മകളെയും...
"വര്‍ഷങ്ങളോളം ഞാന്‍ കരഞ്ഞിട്ടുണ്ട്‌ ..ഇന്നും എന്നും രാത്രീ ഞാന്‍ കരയും...എന്റെ അമ്മയെയും അച്ചനെയും ഓര്‍ത്ത്‌...അവര്‍ എന്റെ കൂടെ ഇല്ലെലോ എന്നു ഓര്‍ത്തിട്ട്‌..ഒരു ഓണത്തിനും എനിക്കു പുത്തന്‍ ഉടുപ്പുകള്‍ കിട്ടിയിട്ടില്ല...ആരും എന്നേ നോക്കി എന്റെ ഈ കരയുന്ന മനസ്സിനെ മനസ്സിലാക്കിയിട്ടില്ല...എന്നിട്ടും വേദനകള്‍ ഉള്ളില്‍ ഒതുക്കി ജീവിചിരിപ്പുണ്ടെന്നു കേട്ടതും ഒന്നു കാണാന്‍ വന്നപ്പോള്‍ എന്നേ എന്നേ..."


ആ വരികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതേ അവള്‍ പടികള്‍ കടന്ന് ഓടി...
തിരിച്ച്‌ വീട്ടില്‍ വന്നു ഒന്നും മിണ്ടാതേ ഇരുട്ടത്‌ ഇരുന്നു...എന്തു കൊണ്ട്‌ എല്ലാം ഇങ്ങനെ എന്നു രാത്രികള്‍തോറും ഉറങ്ങാതേ ഇരുന്നു അലോചിച്ചിട്ടും ഉത്തരം കിട്ടിയില്ല.....
അന്നും മീര ഇരുട്ടിനെയും കൂട്ടുപിടിച്ച്‌ മുത്തശ്ശി കൊടുത്ത അച്ഛന്റെ ആ ഫോട്ടൊയും മാറൊടണച്ച്‌ ഇരുട്ടത്തെക്ക്‌ നോക്കി ഇരുന്നു കരഞ്ഞു...കുറച്ച്‌ കഴിഞ്ഞു മുത്തശ്ശിയുടെ അടുത്ത്‌ പോയി, മുത്തശ്ശിയെ കെട്ടിപിടിച്ച്‌ കിടന്നു
എന്നാലും മീരയേ അനാഥത്വത്തിലെക്കു വലിച്ചെറിയാത്ത മുത്തശ്ശിയൊട്‌ മീരയ്ക്ക്‌ ഒരുപാട്‌ സ്നേഹം തോന്നി..
എപ്പോഴോ ഉണര്‍ന്നപ്പോള്‍ ഉണര്‍ന്നു കിടക്കുന്ന മുത്തശ്ശിയേ നോക്കി മീര ചോദിച്ചു
"മുത്തശ്ശി ഞാന്‍ ഒന്നു മുത്തശ്ശിയെ അമ്മേ എന്നു വിളിച്ചൊട്ടേ?"
എന്നിട്ടു മീര മുത്തശ്ശിയെ കെട്ടിപിടിച്ച്‌ പൊട്ടി കരഞ്ഞു
മീരയേ മാറോടണച്ച്‌ മുത്തശ്ശിയും കരഞ്ഞു...
എങ്ങനെ സമാധാനിപ്പിക്കണം എന്നു അറിയാതേ.....
പിന്നെയും അവര്‍ ജീവിച്ചു...മീരയും മുത്തശ്ശിയും മാത്രമായി...വര്‍ഷങ്ങള്‍ക്കു ശേഷം മീരയ്ക്കു ഒരു കുഞ്ഞു പിറന്നപ്പോള്‍ അവള്‍ കുഞ്ഞിനു പേരിട്ടു..."ലക്ഷ്മി"..എന്നും അമ്മയെ കാണാന്‍ ഓര്‍മ്മിക്കാന്‍....!!!